കരിമ്പുഴ: കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കിഴക്കുംപുറം മണ്ണാത്തിപ്പാടം മേഖലയിൽ നടപ്പിലാക്കിയ പി.എം.കെ.എസ്.വൈ–ഡബ്ല്യു.ഡി.സി 2.0 പദ്ധതിയുടെ ഭാഗമായി 6.5 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ ചെക്ക് ഡാം നവീകരണ പ്രവർത്തനത്തിൽ വ്യാപക അഴിമതിയും പൊതുമുതൽ ദുരുപയോഗവും നടന്നതായി പരാതി. പദ്ധതിയിലെ പ്രധാന ആസ്തികളായ വിലകൂടിയ ഷട്ടർ പലകകൾ അനധികൃതമായി മാറ്റി സമീപത്തെ മറ്റൊരു നിർമാണ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
കൃഷി ആവശ്യങ്ങൾക്ക് വെള്ളം കെട്ടിനിർത്തുന്നതിനായി വാങ്ങിയ ഷട്ടർ പലകകളാണ് പദ്ധതിയിലെ പ്രധാന ചെലവിനം. പദ്ധതിയിൽ ക്രമക്കേടുകൾ നടന്നതായി ചൂണ്ടിക്കാട്ടി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ സി.പി.ഗ്രാംസ് പോർട്ടൽ, സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് കമ്മീഷണറേറ്റ്, സംസ്ഥാന പ്രൊജക്ട് നോഡൽ ഏജൻസിയായ എസ്.എൽ.എൻ.എ, സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എന്നിവിടങ്ങളിൽ തെളിവുകൾ സഹിതം നിരവധി പരാതികൾ നൽകിയിട്ടും ഇതുവരെ ഫലപ്രദമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് ആരോപണം.
പരാതികൾ നിലനിൽക്കുന്നതിനിടെയാണ് കേസിലെ പ്രധാന തൊണ്ടിമുതലായ ഷട്ടർ പലകകൾ അവിടെ നിന്ന് മാറ്റി തൊട്ടടുത്ത് നടക്കുന്ന മറ്റൊരു ഡാം നിർമാണത്തിനായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതെന്ന് നാട്ടുകാർ പറയുന്നു. കോൺക്രീറ്റ് പണികൾക്കും കമ്പി വളയ്ക്കുന്നതിനുമായി ഈ പലകകൾ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്.
ഒരു പദ്ധതിക്കായി സർക്കാർ ഫണ്ടിൽ വാങ്ങിയ മെറ്റീരിയലുകൾ മറ്റൊരു നിർമ്മാണത്തിനായി ഉപയോഗിക്കുന്നത് ഗുരുതര സാമ്പത്തിക ചട്ടലംഘനമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഇതുവഴി ഭാവിയിൽ വീണ്ടും പുതിയ പലകകൾ വാങ്ങേണ്ട സാഹചര്യം ഉണ്ടാകുകയും സർക്കാരിന് സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നും അവർ ആരോപിക്കുന്നു. ഒരേ മെറ്റീരിയൽ കാണിച്ച് രണ്ട് പദ്ധതികളിൽ നിന്നായി തുക തട്ടിയെടുക്കാനുള്ള ശ്രമമാണിതെന്ന സംശയവും നാട്ടുകാർ ഉയർത്തുന്നു.
സംഭവത്തിൽ അടിയന്തരമായി സ്ഥലപരിശോധന നടത്തി നിർമാണ സ്ഥലത്ത് യഥാസ്ഥിതി പ്രഖ്യാപിക്കണമെന്നും പൊതുമുതൽ ദുരുപയോഗം ചെയ്തവർക്കും അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം.