അങ്കമാലിയിൽ തെരുവുനായ ശല്യം: നഗരസഭയുടെ വീഴ്ചയ്‌ക്കെതിരെ ബിജെപി പ്രതിഷേധ സമരം നടത്തി

അങ്കമാലിയിൽ തെരുവുനായ ശല്യം: നഗരസഭയുടെ വീഴ്ചയ്‌ക്കെതിരെ ബിജെപി പ്രതിഷേധ സമരം നടത്തി

അങ്കമാലി: നഗരസഭാ പ്രദേശത്ത് വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങൾക്കെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി അങ്കമാലി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് അങ്കമാലിയിൽ ഇരുപതോളം പേർക്ക് തെരുവുനായുടെ കടിയേറ്റിരുന്നു. കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരുവിധ മുൻകരുതലുകളും ഉണ്ടായിട്ടില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. വ്യക്തമായ കോടതിവിധികൾ നിലനിൽക്കെ, തെരുവുനായ സംരക്ഷണത്തിനായി ബഡ്ജറ്റിൽ തുക വകയിരുത്തുകയും പത്രസമ്മേളനങ്ങൾ നടത്തുകയും ചെയ്യുകയല്ലാതെ പ്രായോഗികമായ യാതൊരു നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല. ഇത്തരം സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കാൻ സാധ്യമല്ലെന്നാണ് ഭരണസമിതിയുടെ നിലപാട്. കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭാ കൗൺസിലറും ഹരിതകർമ്മസേന അംഗങ്ങളും കഷ്ടിച്ചാണ് നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തെരുവുനായ്ക്കളുടെ ഭീഷണിയും നഗരസഭയുടെ നിസ്സംഗതയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വർദ്ധിപ്പിക്കുകയാണ്. നഗരസഭാ പൊതുമാർക്കറ്റിലെ മാലിന്യങ്ങളും അനധികൃത അറവുശാലകളുടെ നിയന്ത്രണമില്ലായ്മയുമാണ് നഗരത്തിൽ തെരുവുനായ്ക്കൾ പെരുകാൻ കാരണമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ജില്ലാ സെക്രട്ടറി എൻ. മനോജ് പറഞ്ഞു.
പത്താം വാർഡ് കൗൺസിലറും ബിജെപി പാർലമെന്ററി പാർട്ടി ലീഡറുമായ ശ്രീമതി കെ.എസ്. സുപ്രിയ സമരത്തിൽ അധ്യക്ഷത വഹിച്ചു. മൂന്നാം വാർഡ് കൗൺസിലർ ശ്രീമതി ഷീന മനോജ്, ബിജെപി അങ്കമാലി മുനിസിപ്പൽ പ്രസിഡന്റ് സന്ദീപ് ശങ്കർ, മണ്ഡലം ജനറൽ സെക്രട്ടറി എ.വി. രഘു, വി.പി. സുകുമാരൻ, വാസന്തി പ്രശാന്ത്, എം.എൻ. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe