മഴക്കാല പൂർവ്വ ശുചീകരണം ആരംഭിക്കാത്തതിൽ പ്രതിഷേധം – ബിജെപി
ഉദയംപേരൂർ: മലിനജലവും മാലിന്യങ്ങളും കെട്ടിക്കിടന്ന് ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്ന അവസ്ഥയാണ് ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ തോടുകളെന്നും സാംക്രമിക രോഗങ്ങൾ പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും ബിജെപി ഉദയംപേരൂർ നോർത്ത് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
വാർഡ് 1, 2, 22, 23 പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന തോടുകൾ കാടുപിടിച്ച് ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. വിവിധ ഭാഗങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നതും മാലിന്യ നിക്ഷേപം വ്യാപകമാകുന്നതും ആശങ്ക വർധിപ്പിക്കുകയാണ്.
മഴ ശക്തമാകുന്നതോടെ സമീപ പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാംക്രമിക രോഗങ്ങളുടെ വ്യാപനത്തിനും ഇടയാക്കുമെന്ന് ബിജെപി നോർത്ത് ഏരിയ പ്രസിഡന്റ് പ്രദീപ് കുമാർ പറഞ്ഞു.
ഉദയംപേരൂർ ഗ്രാമപഞ്ചായത്തംഗം അഡ്വ ഐശ്വര്യ വി ആർ പഞ്ചായത്തിൽ ആവശ്യപ്പെട്ടതിൻ
പ്രകാരം ഏപ്രിൽ മാസം മിനി ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ 22-ാം വാർഡിലെ മാലിന്യം നിറഞ്ഞ തോട് സന്ദർശിച്ചിരുന്നു. നാളിതുവരെ നടപടികൾ പ്രസ്‌തുത വകുപ്പിൽ നിന്നോ പഞ്ചായത്തിൻ്റെ ഭാഗത്തു നിന്നോ ഇതുവരെ ഉണ്ടായിട്ടില്ല
പ്രസ്തുത തോടിന് സമീപം താമസിക്കുന്ന മീന രാമനാഥൻ എന്ന വ്യക്തിക്ക് മന്ത് രോഗം റിപ്പോർട്ട് ചെയ്തതായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്നും കഴിഞ്ഞദിവസം വിവരം ലഭിച്ചിരുന്നു. നിലവിൽ രോഗി എറണാകുളം ജനറൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും വാർഡ് മെമ്പർ അഡ്വ. ഐശ്വര്യ വി.ആർ അറിയിച്ചു.
കേരളം മന്ത് രോഗ നിർമ്മാർജ്ജിത സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുള്ളതാണ് അതിനാൽ ഈ സാഹചര്യം ഗൗരവമായി എടുത്ത് വാർഡിലൂടെ കടന്നുപോകുന്ന കുറുപ്പംകണ്ടം തേരേക്കൽ തോടും കടവിൽതൃക്കോവിൽ വരെയുള്ള തോടും സമീപ പ്രദേശങ്ങളിലെ ഓടകളും അടിയന്തരമായി സമ്പൂർണ്ണ ശുചീകരണത്തിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കും പ്രസ്തുത പ്രദേശത്ത് മന്ത് രോഗ നിർണ്ണയ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിനും കത്ത് നൽകിയതായി വാർഡ് മെമ്പർ ഐശ്വര്യ വി ആർ അറിയിച്ചു.