തമിഴ്നാട് സ്വദേശിയുടെ കട അടപ്പിച്ചു; നാട്ടുകാർ ഒന്നടങ്കം ഇറങ്ങി വീണ്ടും തുറപ്പിച്ചു

തമിഴ്നാട് സ്വദേശിയുടെ കട അടപ്പിച്ചു; നാട്ടുകാർ ഒന്നടങ്കം ഇറങ്ങി വീണ്ടും തുറപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് തമിഴ്നാട് സ്വദേശിയായ വ്യാപാരിയുടെ കട അടപ്പിച്ച സംഭവത്തിൽ വൻ പ്രതിഷേധം. വ്യാപാരികളുടെയും പഞ്ചായത്ത് അംഗത്തിന്റെയും ഇടപെടലിനെ തുടർന്ന് അടപ്പിച്ച കട, നാട്ടുകാർ ഒന്നടങ്കം രംഗത്തെത്തി വീണ്ടും തുറപ്പിക്കുകയായിരുന്നു.

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽക്കുന്ന തമിഴ്നാട് സ്വദേശിയുടെ കടയിലേക്കാണ് വ്യാഴാഴ്ച രാവിലെ ചില വ്യാപാരികളും പഞ്ചായത്ത് അംഗം കാണെക്കൽ അബാസും എത്തിയത്. പഞ്ചായത്ത് ലൈസൻസും ജിഎസ്ടി രജിസ്ട്രേഷനും ഇല്ലാതെയാണ് കട പ്രവർത്തിക്കുന്നതെന്നാരോപിച്ചായിരുന്നു കട അടപ്പിച്ചത്. സംഭവത്തിനിടെ വ്യാപാരിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

സംഭവവിവരം പ്രദേശത്ത് വ്യാപകമായി പ്രചരിച്ചതോടെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഉപജീവനത്തിനായി അന്യസംസ്ഥാനത്ത് നിന്ന് എത്തിയ ഒരാളോട് ഇത്തരത്തിൽ പെരുമാറിയത് അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാർ പ്രതികരിച്ചു. തുടർന്ന് വൈകിട്ടോടെ നാട്ടുകാരുടെ നേതൃത്വത്തിൽ കട വീണ്ടും തുറന്ന് പ്രവർത്തനം പുനരാരംഭിച്ചു.

വ്യാപാരിക്ക് ആവശ്യമായ എല്ലാ പിന്തുണയും സംരക്ഷണവും നൽകുമെന്ന് പ്രദേശവാസികൾ പ്രഖ്യാപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്ച കടയിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പിന്തുണ അറിയിക്കുന്നതിനായി നിരവധി പേരാണ് കടയിലെത്തി സാധനങ്ങൾ വാങ്ങിയത്.

നിയമപരമായ പരിശോധനകളും നടപടികളും ബന്ധപ്പെട്ട വകുപ്പുകളുടെ ഉത്തരവാദിത്വമാണെന്നും വ്യക്തിപരമായോ സംഘടനാപരമായോ സമ്മർദം ചെലുത്തി ഒരാളുടെ ഉപജീവനമാർഗം തടസപ്പെടുത്തുന്നത് ശരിയല്ലെന്നുമാണ് നാട്ടുകാരുടെ നിലപാട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിട്ടുണ്ട്

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe