കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണു; വൻദുരന്തം ഒഴിവായി

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണു; വൻദുരന്തം ഒഴിവായി
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണ് യാത്രക്കാരിൽ പരിഭ്രാന്തി. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപം സ്ഥിതി ചെയ്തിരുന്ന ക്ലോക്ക് ടവറിന്റെ മേൽക്കൂരയും അനുബന്ധ ഭാഗങ്ങളും രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് തകർന്നു വീണത്. സംഭവസമയത്ത് ആ ഭാഗത്ത് യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

രാവിലെ ഏകദേശം 11.15 ഓടെയായിരുന്നു അപകടം. പ്ലാറ്റ്ഫോമിൽ ഒരു പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരുന്നെങ്കിലും അതിൽ യാത്രക്കാരില്ലായിരുന്നതും അപകടത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിച്ചു. ക്ലോക്ക് ടവർ തകർന്നതോടെ പ്ലാറ്റ്ഫോമിനും റെയിൽപാതയ്ക്കുമിടയിൽ അവശിഷ്ടങ്ങൾ വീഴുകയും ട്രെയിൻ ഗതാഗതം താൽക്കാലികമായി തടസ്സപ്പെടുകയും ചെയ്തു.

സംഭവത്തെ തുടർന്ന് റെയിൽവേ അധികൃതർ സുരക്ഷാ നടപടികളുടെ ഭാഗമായി ഒന്നും രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലെ വൈദ്യുതി വിതരണം താൽക്കാലികമായി വിച്ഛേദിച്ചു. തുടർന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

കനത്ത മഴയും കെട്ടിടത്തിന്റെ കാലപ്പഴക്കവും ചേർന്നതാകാം ക്ലോക്ക് ടവർ തകർന്നുവീഴാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe