“പേടിക്കാൻ തയ്യാറായിക്കോ!”; കോഴിക്കോട് വീണ്ടും വിറപ്പിച്ച് ‘രക്തരക്ഷസ്’ , ഹൗസ്‌ഫുൾ പ്രദർശനങ്ങളുമായി കലാനിലയത്തിന്റെ മടങ്ങിവരവ്

“പേടിക്കാൻ തയ്യാറായിക്കോ!”; കോഴിക്കോട് വീണ്ടും വിറപ്പിച്ച് ‘രക്തരക്ഷസ്’ , ഹൗസ്‌ഫുൾ പ്രദർശനങ്ങളുമായി കലാനിലയത്തിന്റെ മടങ്ങിവരവ്
കോഴിക്കോട്: അഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ് മലയാള നാടക ലോകത്തെ ഞെട്ടിച്ച ‘രക്തരക്ഷസ്’ വീണ്ടും കോഴിക്കോട് വേദികളിൽ വിസ്മയം തീർക്കുകയാണ്. ഇരുപത് വർഷങ്ങൾക്ക് ശേഷം കോഴിക്കോട് എത്തിച്ചേർന്ന നാടകം ഇപ്പോൾ വൻ ജനക്കൂട്ടത്തോടെയും ഹൗസ്‌ഫുൾ പ്രദർശനങ്ങളോടെയും മുന്നേറുകയാണ്. പ്രദർശനം മെയ്‌ 31 വരെ തുടരുമെന്ന് സംഘാടകർ അറിയിച്ചു. ദിവസേന വർധിച്ചുവരുന്ന പ്രേക്ഷക തിരക്കിനെ തുടർന്ന് കൂടുതൽ ഷോകൾക്കായുള്ള ആവശ്യവും ഉയരുന്നുണ്ട്.

ടാഗോർ ഹാളിന് പിൻവശത്തെ കോൺവെന്റ് റോഡിൽ ആംഗ്ലോ ഇന്ത്യൻ സ്കൂളിന് സമീപമുള്ള പ്രത്യേകമായി സജ്ജീകരിച്ച വേദിയിലാണ് നാടകം അരങ്ങേറുന്നത്. അത്യാധുനിക 7.1 ശബ്ദ സംവിധാനവും ലൈവ് സൗണ്ട് ഇഫക്റ്റുകളും സ്പെഷ്യൽ വിഷ്വൽ സംവിധാനങ്ങളും ഉപയോഗിച്ച് “ലൈവ് സിനിമ” അനുഭവം പ്രേക്ഷകർക്ക് നൽകുന്ന രീതിയിലാണ് അവതരണം. പൂർണമായും എ.സി സംവിധാനമുള്ള വേദിയും പുഷ്‌ബാക്ക് സീറ്റുകളും ഉൾപ്പെടെ സിനിമാ തിയേറ്ററുകളെ ഓർമ്മിപ്പിക്കുന്ന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

1973ൽ കലാനിലയം കൃഷ്ണൻ നായർ ആരംഭിച്ച ഈ നാടകം മലയാള നാടക ചരിത്രത്തിലെ ഏറ്റവും വലിയ ദൃശ്യ വിസ്മയങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ജഗതി എൻ.കെ ആചാരിയുടെ രചനയിൽ രൂപം കൊണ്ട രക്തരക്ഷസ്, പഴയകാലത്ത് സ്റ്റേജിൽ വിമാനവും കാറും ഉൾപ്പെടെയുള്ള സങ്കീർണ ദൃശ്യാവിഷ്കാരങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇന്നത്തെ സാങ്കേതിക കാലഘട്ടത്തിന് അനുസരിച്ച് പുതിയ മാറ്റങ്ങളോടെയാണ് നാടകം വീണ്ടും വേദിയിലെത്തിയിരിക്കുന്നത്.

സംവിധായകനും കലാനിലയം കൃഷ്ണൻ നായരുടെ മകനുമായ അനന്തപത്മനാഭന്റെ വാക്കുകളിൽ, “ഇത് വെറും ഒരു നാടകമല്ല, ഒരു പ്രതികാരമാണ്.” കലാനിലയത്തെയും തന്റെ പിതാവിന്റെ കലാപാരമ്പര്യത്തെയും വേണ്ടത്ര പരിഗണിക്കാതിരുന്ന സാംസ്കാരിക ലോകത്തോടുള്ള മറുപടിയായാണ് ഈ മടങ്ങിവരവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
“കേരളത്തിൽ പല നാടക പ്രവർത്തകരുടെയും പേരുകൾ ഉയർത്തിപ്പറയപ്പെട്ടപ്പോൾ കലാനിലയം പലപ്പോഴും അവഗണിക്കപ്പെട്ടു. പക്ഷേ ജനങ്ങളാണ് ഞങ്ങളെ സ്വീകരിച്ചത്. ഞങ്ങൾക്ക് മറ്റാരുടെയും സർട്ടിഫിക്കറ്റ് വേണ്ട. ഇന്ന് നാല് തലമുറകൾ രക്തരക്ഷസ് കണ്ടുകഴിഞ്ഞു. അതാണ് ഏറ്റവും വലിയ അംഗീകാരം,” എന്നാണ് അനന്തപത്മനാഭൻ പറയുന്നത്.

2006ലാണ് അവസാനമായി കോഴിക്കോട് രക്തരക്ഷസ് അവതരിപ്പിച്ചത്. ഇപ്പോൾ അടിമുടി മാറ്റങ്ങളോടെയാണ് വീണ്ടും എത്തിയത്. സിനിമകളിൽ കാണുന്ന സാങ്കേതിക മികവ് നാടകത്തിലേക്കും കൊണ്ടുവന്നതായി സംഘാടകർ പറയുന്നു. 120ഓളം കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും ഒരേസമയം പ്രവർത്തിക്കുന്ന വമ്പൻ സംവിധാനമാണ് നാടകത്തിനുപിന്നിൽ. അതിൽ 60 പേർ അഭിനേതാക്കളാണ്.

കോവിഡ് കാലത്ത് സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിട്ടതിനെ തുടർന്ന് നാടകത്തെ പുതിയ രൂപത്തിൽ പുനരാവിഷ്കരിക്കണമെന്ന തീരുമാനമാണ് ഇപ്പോഴത്തെ ഈ “ലൈവ് സിനിമ” രൂപത്തിലേക്ക് നയിച്ചതെന്ന് അനന്തപത്മനാഭൻ പറഞ്ഞു. ഏരീസ് ഗ്രൂപ്പുമായി ചേർന്നാണ് ഇപ്പോൾ നാടകം അവതരിപ്പിക്കുന്നത്. മൾട്ടിനാഷണൽ കമ്പനിയായ ഏരീസും കലാനിലയവും ചേർന്ന് വലിയ നിക്ഷേപത്തോടെയാണ് പുതിയ അവതരണം ഒരുക്കിയിരിക്കുന്നത്.

ഏപ്രിൽ 18ന് ആരംഭിച്ച പ്രദർശനം മെയ്‌ 31 വരെ തുടരും. തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 6നും 9നും ഷോകൾ നടക്കും. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണിക്കുള്ള പ്രത്യേക ഷോകളും ഉണ്ട്. വിദ്യാർത്ഥികൾക്കായി പകൽ പ്രത്യേക പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. 500, 400, 200 രൂപ നിരക്കുകളിലാണ് ടിക്കറ്റുകൾ ലഭിക്കുന്നത്. ഓൺലൈൻ ബുക്കിംഗിനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

നാടകത്തെ കാണാൻ കുടുംബങ്ങളായും യുവാക്കളായും വിദ്യാർത്ഥികളായും വലിയ തോതിൽ ആളുകൾ എത്തുന്നുണ്ട്. പഴയ തലമുറയുടെ ഓർമ്മകളും പുതിയ തലമുറയുടെ കൗതുകവും ഒന്നിച്ച് ചേർന്ന അപൂർവ കാഴ്ചയാണ് കോഴിക്കോട് ഇപ്പോൾ കാണുന്നത്. “പേടിക്കാൻ തയ്യാറായിക്കോ” എന്ന പരസ്യവാചകം പോലെ തന്നെ, ദൃശ്യ-ശബ്ദ വിസ്മയങ്ങളാൽ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടാണ് രക്തരക്ഷസ് വീണ്ടും ചരിത്രം കുറിക്കുന്നത്.

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe