ന്യൂഡൽഹി: സംവരണ ആനുകൂല്യങ്ങൾ വഴി വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നേറിയ കുടുംബങ്ങളിലെ മക്കൾക്കും അതേ രീതിയിൽ വീണ്ടും സംവരണം നൽകേണ്ടതുണ്ടോയെന്ന നിർണായക ചോദ്യവുമായി സുപ്രീംകോടതി. വിഷയത്തിൽ പുനഃപരിശോധന ആവശ്യമാണെന്ന തരത്തിലുള്ള വാക്കാൽ നിരീക്ഷണമാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്.
ജസ്റ്റിസ് ബി.വി. നാഗരത്നയും ജസ്റ്റിസ് ഉജ്ജൽ ഭുയാനും ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കവെ ഈ പരാമർശം നടത്തിയത്. “രക്ഷിതാക്കൾ ഐ.എ.എസ് ഉദ്യോഗസ്ഥരായി ഉയർന്നിട്ടും അവരുടെ മക്കൾക്ക് അതേ സംവരണ ആനുകൂല്യം തുടരണോ?” എന്ന ഉദാഹരണവും കോടതി മുന്നോട്ട് വെച്ചു.
കർണാടകയിൽ ഇലക്ട്രിക്കൽ അസിസ്റ്റന്റ് എൻജിനിയറായി നിയമനം ലഭിച്ച ഒരു പിന്നാക്ക വിഭാഗക്കാരനെ ‘ക്രീമിലെയർ’ പരിധിയിൽപ്പെടുത്തി സംവരണ ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കിയ സംഭവവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഹർജിക്കാരന്റെ മാതാപിതാക്കൾ സർക്കാർ ജീവനക്കാരാണെന്നും അവരുടെ വരുമാനം ക്രീമിലെയർ പരിധിക്ക് മുകളിലാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി ഉണ്ടായത്.
എന്നാൽ മാതാപിതാക്കൾ സാധാരണ സ്കൂൾ അധ്യാപകരാണെന്നും ശമ്പളം മാത്രം അടിസ്ഥാനമാക്കി ക്രീമിലെയർ നിശ്ചയിക്കരുതെന്നുമാണ് ഹർജിക്കാരന്റെ വാദം. കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
സംവരണത്തിന്റെ ലക്ഷ്യം യഥാർത്ഥത്തിൽ പിന്നാക്കാവസ്ഥയിലുള്ളവർക്ക് സാമൂഹിക നീതിയും അവസരവും ഉറപ്പാക്കലാണെന്നും, ഇതിനകം സാമൂഹിക-സാമ്പത്തിക മുന്നേറ്റം നേടിയ കുടുംബങ്ങൾ തുടർച്ചയായി ആനുകൂല്യം നേടുന്നതിനെ കുറിച്ച് രാജ്യത്ത് വലിയ ചർച്ചകൾ ഉയരുന്ന സാഹചര്യത്തിലുമാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയമാകുന്നത്.
ഇന്ത്യയിലെ സംവരണ സംവിധാനത്തിന്റെ ഭാവി ദിശയെ ബാധിക്കാവുന്ന ചർച്ചകൾക്ക് ഈ കേസ് വഴിവെക്കുമെന്നാണു നിയമ വിദഗ്ധരുടെ വിലയിരുത്തൽ.