അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റായി എൻ.വി. പോളച്ചൻ

അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റായി എൻ.വി. പോളച്ചൻ

അങ്കമാലി: അങ്കമാലി മർച്ചന്റ്സ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായി എൻ.വി. പോളച്ചനെ തെരഞ്ഞെടുത്തു. ഡെന്നി പോൾ ജനറൽ സെക്രട്ടറിയായും ബിജു പൂപ്പത്ത്, ബെന്നി കുര്യാക്കോസ് എന്നിവർ വൈസ് പ്രസിഡന്റുമാരായും മനോജ് അലക്സ് മംഗലി, ജോബി നെല്ലിശ്ശേരി എന്നിവർ സെക്രട്ടറിമാരായും ജോഷി ജോർജ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

പുതിയ ഭാരവാഹികൾ ജൂൺ 12 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് വ്യാപാര ഭവനിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. സ്ഥാനാരോഹണ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസ് അധ്യക്ഷത വഹിക്കും.

ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന് വ്യാപാരി സമൂഹത്തിന്റെ ആദരവ് നൽകും. കൂടാതെ, ഐ.ഐ.ടി.-ജെ.ഇ.ഇ പ്രവേശന പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്കും ദേശീയതലത്തിൽ 134-ാം റാങ്കും നേടിയ അങ്കമാലി നിയോജക മണ്ഡലത്തിലെ അമലാപുരം സ്വദേശി റോഷൻ മാത്യുവിനെയും, നാഷണൽ ആം റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഡോൺ റോബിയെയും മന്ത്രി പുരസ്കാരങ്ങൾ നൽകി ആദരിക്കും. അംഗങ്ങളുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിക്കും.

മെട്രോ റെയിൽ, ബൈപ്പാസ് പദ്ധതികൾ യാഥാർഥ്യമാകുന്ന സാഹചര്യത്തിൽ അങ്കമാലിയെ എറണാകുളം-തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന വാണിജ്യ തലസ്ഥാനമായി വികസിപ്പിക്കുന്നതിനുള്ള കർമ്മപദ്ധതികൾക്ക് രൂപം നൽകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. വ്യാപാരികളുടെ സഹകരണത്തോടെ വ്യാപാര സമുച്ചയങ്ങളും പാർക്കിംഗ് കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.

നവമാധ്യമങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി അങ്കമാലിക്ക് നഷ്ടപ്പെട്ട വ്യാപാര മേഖലകൾ വീണ്ടെടുക്കാനും പട്ടണത്തെ കൂടുതൽ വ്യാപാരി സൗഹൃദമാക്കാനും ശ്രമിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി വ്യാപാര വളർച്ച കൈവരിക്കുന്നതിനും വ്യാപാരം നിലനിർത്തുന്നതിനുമായി അംഗങ്ങൾക്ക് പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കും. 70 വയസ്സ് പിന്നിട്ടും വ്യാപാര രംഗത്ത് സജീവമായി തുടരുന്ന വ്യാപാരികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമെന്നും എല്ലാ അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe